ടൊറൻ്റോ : അമേരിക്കയുമായി ഒരു കരാറിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ താരിഫുകൾക്കെതിരെ കാനഡ പ്രതികാര താരിഫുകൾ ചുമത്താൻ തയ്യാറാകണമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. പ്രധാനമന്ത്രി മാർക്ക് കാർണിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ്ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ക്വീൻസ് പാർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര യുദ്ധം നീണ്ടുനിന്നാൽ മൂന്ന് യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തലാക്കുന്ന നടപടി വീണ്ടും പരിഗണിച്ചേക്കുമെന്നും അദ്ദേഹം സൂചന നൽകി.

ഓഗസ്റ്റിൽ കാനഡ യുഎസ് ഉൽപ്പന്നങ്ങൾക്ക് മേലുള്ള നിരവധി പ്രതികാര താരിഫുകൾ എടുത്തുകളഞ്ഞിരുന്നു. എന്നാൽ, അതിനുശേഷവും യുഎസ് കാനഡയ്ക്ക് മേൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുന്നത് തുടർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. “നമുക്ക് പ്രസിഡൻ്റ് ട്രംപിന് മുന്നിൽ ചുരുങ്ങി നിൽക്കാൻ കഴിയില്ല. അദ്ദേഹം തന്‍റെ വാദം ശക്തിപ്പെടുത്തുമ്പോൾ, പ്രതികാര താരിഫുകൾ തുടർച്ചയായി പിൻവലിക്കുന്നതിലൂടെ നമ്മൾ ദുർബലരാവുകയാണെന്നും ഡഗ് ഫോർഡ് പറഞ്ഞു.