മൺട്രിയോൾ : മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ, പ്രതിപക്ഷ പാർട്ടിയായ എൻസെംബിൾ മൺട്രിയോളിന് പിന്തുണ വർധിക്കുന്നതായി റിപ്പോർട്ട്. നിലവിലെ ഭരണകക്ഷിയേക്കാൾ 10 പോയിന്റ് ലീഡിലാണ് പാർട്ടിയെന്ന് ലെഗർ സർവേ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയായ പ്രൊജറ്റ് മൺട്രിയോളിന് 12% വോട്ടാണ് നേടാനായത്. അതേസമയം, പ്രതിപക്ഷ നേതാവ് സൊറായ മാർട്ടിനെസ് ഫെറാഡയ്ക്ക് 21% വോട്ടർമാർ പിന്തുണ രേഖപ്പെടുത്തി. എന്നാൽ, സർവേയിൽ പങ്കെടുത്ത 42% വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇത് തിരഞ്ഞെടുപ്പ് ഫലത്തിനെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രമുഖരായ സ്ഥാനാർത്ഥികളുടെ അഭാവവും സ്ഥാനമൊഴിയുന്ന മേയർ മത്സരരംഗത്ത് ഇല്ലാത്തതുമാണ് ഈ അനിശ്ചിതത്വത്തിന് പ്രധാന കാരണം.

മൺട്രിയോളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം പാർപ്പിട പ്രതിസന്ധിയാണ്. 72% വോട്ടർമാരും നഗരത്തിലെ ജീവിതച്ചെലവ് താങ്ങാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. സൈക്കിൾ പാതകൾ വികസിപ്പിക്കുന്നതിനെ 56% പേർ എതിർക്കുമ്പോൾ, മയക്കുമരുന്ന് ഉപയോഗത്തിനുള്ള മേൽനോട്ട കേന്ദ്രങ്ങളെ 46% പേർ പിന്തുണച്ചു. വോട്ടർമാരുടെ പ്രധാന ശ്രദ്ധ സാമ്പത്തിക വിഷയങ്ങളിലാണെന്ന് സർവേ കണ്ടെത്തി. ഭാഷാ അവകാശങ്ങൾ സംരക്ഷിക്കുന്നത് മുൻഗണനാ വിഷയമാക്കേണ്ടതില്ലെന്ന് പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.