ഹാലിഫാക്സ് : നോവസ്കോഷയിൽ താപനില റെക്കോർഡ് ഭേദിച്ചതായി റിപ്പോർട്ട്. ഒക്ടോബർ 6-ന് പല പ്രദേശങ്ങളിലും നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. അസാധാരണമായി ഉയർന്ന ചൂടിന് കാരണം ഉയർന്ന മർദ്ദമുള്ള വരണ്ട കാറ്റ് നോവസ്കോഷയിലേക്ക് എത്തിയതാണെന്നാണ് നിഗമനം. ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 29.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് 2005-ൽ സ്ഥാപിച്ച മുൻ റെക്കോർഡ് തകർത്തു. കാനഡയിലെ മറ്റ് മാരിടൈം പ്രവിശ്യകളിലും വേനൽക്കാലത്തിന് സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. പിഇഐയിൽ ഏറ്റവും ചൂടേറിയ ഒക്ടോബർ ദിനം രേഖപ്പെടുത്തി.

കെൻ്റ്‌വില്ലിൽ 1926-ലെ റെക്കോർഡ് തകർത്ത് 30.3 ഡിഗ്രി സെൽഷ്യസും, ഗ്രീൻവുഡിൽ 1914-ലെ റെക്കോർഡ് തകർത്ത് 30.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഇത് ഈ സമയത്തെ സാധാരണ താപനിലയുടെ ഇരട്ടിയാണ്. 2021-നും 2050-നും ഇടയിൽ ഹാലിഫാക്സിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ദിവസങ്ങൾ 3.4 എണ്ണം അധികമായി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിനിപെഗ് സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷണ വിഭാഗമായ ദി ക്ലൈമറ്റ് അറ്റ്‌ലസ് ഓഫ് കാനഡ പറയുന്നു. ഈസ്റ്റ് കോസ്റ്റ് നഗരങ്ങളിൽ ഉയർന്ന താപനില ഇനിയും സാധാരണമാകുമെന്ന് കാലാവസ്ഥാ ഡാറ്റ സൂചിപ്പിക്കുന്നു.