ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ ഒമ്പതാം ദിവസവും തുടരുന്നു. അടച്ചുപൂട്ടലില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജീവനക്കാര്‍. അതേസമയം ജീവനക്കാരെ ഉടന്‍ പിരിച്ച് വിടുമെന്ന തീരുമാനം മയപ്പെടുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലാണ് നടക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത വിമാനത്താവളങ്ങള്‍ അടച്ചിടും. പാസ്പോര്‍ട്ട് ഏജന്‍സികള്‍ യാത്രാരേഖകള്‍ തയാറാക്കുന്നതിന് സമയമെടുക്കും. സര്‍ക്കാരിന്റെ ഭക്ഷ്യ സഹായ പദ്ധതികളെയും ഷട്ട് ഡൗണ്‍ ബാധിക്കും.

വൃദ്ധര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ മെഡികെയര്‍, മെഡികെയ്ഡ് എന്നിവയിലും ജീവനക്കാരുടെ കുറവ് തടസമായേക്കാം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ നിരവധി ഏജന്‍സികള്‍ നിരവധി തൊഴിലാളികളെ പിരിച്ചുവിടാന്‍ സാധ്യതയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ദുരന്ത ഏജന്‍സികള്‍ നടത്തുന്ന മറ്റ് പ്രവര്‍ത്തനങ്ങളെയും അടച്ചുപൂട്ടല്‍ ബാധിക്കും. ദേശീയ വെള്ളപ്പൊക്ക ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിക്കും.