ന്യൂഡൽഹി : റഷ്യയിൽനിന്ന് വിലക്കുറവിൽ എണ്ണ ലഭിച്ചുതുടങ്ങിയതോടെ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ച് ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾ. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നീണ്ടുപോകുന്നതും ഇറക്കുമതി വർധിപ്പിക്കാൻ കാരണമായി. വരും മാസങ്ങളിലും ഇത് തുടരുമെന്നാണ് ബ്ലൂം ബെർഗ് റിപ്പോർട്ട്. യുറാൽസ് ക്രൂഡ് ഓയിലിന് നവംബറിൽ ബാരലിന് 2 ഡോളർ വരെ അധിക കിഴിവ് ലഭിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസത്തേക്കാൾ ആറ് ശതമാനത്തോളം വർധനയോടെ ഒക്ടോബറിൽ പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ എണ്ണ റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തേക്കാം.

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിന് സഹായകരമാകുന്ന രീതിയിൽ ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാൽ, അമേരിക്കയുടെ ഈ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയില്ല.