വിനിപെഗ് : നീതിനിർവ്വഹണ സമ്പ്രദായവുമായി ബന്ധപ്പെട്ട് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമസംഘടനകൾ വീണ്ടും രംഗത്ത്. അടുത്തിടെ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കവെ, വിധിന്യായങ്ങൾ നടത്തുമ്പോൾ ജഡ്ജിമാർ പൊതുബോധം മനസ്സിൽ വെക്കണമെന്ന് കിന്യൂ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും പൊതു വിശ്വാസ്യതയെയും തകർക്കുമെന്ന് മാനിറ്റോബ ബാർ അസോസിയേഷനും ക്രിമിനൽ ഡിഫൻസ് ലോയേഴ്സ് അസോസിയേഷനും വിമർശിച്ചു.
നടപ്പിലിരിക്കുന്ന കേസുകളിൽ രാഷ്ട്രീയക്കാർ അഭിപ്രായം പറയുന്നത് വിചാരണയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്നും അത് പ്രതിയെ മാത്രമല്ല, ഇരകളെയും അവരുടെ പ്രിയപ്പെട്ടവരെയും ദോഷകരമായി ബാധിക്കുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അതേസമയം, താൻ പൊതുവായ കാര്യമാണ് സംസാരിച്ചതെന്ന് കിന്യൂ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷവും, മറ്റൊരു കേസിൽ അഭിപ്രായം പറഞ്ഞതിന് കിന്യൂ പ്രതിരോധ അഭിഭാഷകരോട് ക്ഷമ ചോദിച്ചിരുന്നു.