ന്യൂഡല്‍ഹി : ഗാസയിലെ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള ചരിത്രപരമായ സമാധാന പദ്ധതിയുടെ വിജയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപിനെ ‘എന്റെ സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച മോദി, അദ്ദേഹവുമായി ഫോണിൽ സംസാരിച്ചതായി ‘എക്സി’ൽ (X) കുറിച്ചു. ഈജിപ്‌തിലെ കെയ്‌റോയിൽ നടന്ന വെടിനിർത്തൽ ചർച്ചയുടെ ഭാഗമായാണ് ഇസ്രയേലും ഹമാസും കരാറിൽ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്.

ട്രംപുമായി നടന്ന ഫോൺ സംഭാഷണത്തിൽ വ്യാപാര ചർച്ചകളിലെ പുരോഗതിയും ഇരുവരും വിലയിരുത്തി. താരിഫുകളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭാഷണം നടന്നത്. വരുന്ന ആഴ്ചകളിൽ തുടർന്നും അടുത്ത ബന്ധം പുലർത്താൻ ധാരണയായതായും പ്രധാനമന്ത്രി മോദി എക്സിൽ അറിയിച്ചു.