ഗാസ വെടിനിര്‍ത്തല്‍ ധാരണയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
‘പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” പ്രധാനമന്ത്രി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ബന്ദികളെ മോചിപ്പിക്കുന്നതിനും സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നതിനുമായി അമേരിക്കയും ഖത്തറും മധ്യസ്ഥത വഹിക്കുന്ന കരാറില്‍ ഇസ്രായേലും ഹമാസും സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോദിയുടെ പ്രസ്താവന. മുന്നോട്ടു വച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഖത്തറും അറിയിച്ചിരുന്നു.
ആദ്യഭാഗം നിലവില്‍ വരുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്രയേലി സൈന്യം മുന്‍ നിശ്ചയിച്ച പിന്‍വാങ്ങല്‍ രേഖയിലേക്ക് മാറും. ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ഗസയിലേക്ക് മനുഷ്യാവകാശ സഹായം കടത്തിവിടുക എന്നിവയാണ് കരാറിന്റെ ആദ്യപടി.