വാഷിങ്ടണ്‍: നോബല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യതകളില്‍ പ്രതീക്ഷ കൈവിടാതെ ഡോണള്‍ഡ് ട്രംപ്. ഏഴോളം ആഗോള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചു എന്ന് ട്രംപ് അവകാശപ്പെടുന്നു. താന്‍ ഈ ബഹുമതിക്ക് അര്‍ഹനാണെന്ന് വിശദീകരിക്കാന്‍, പല വേദികളും ട്രംപ് ഉപയോഗപ്പെടുത്തി. എന്നാല്‍ നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി തനിക്ക് പുരസ്‌കാരം നല്‍കാതിരിക്കാന്‍ ‘ഒരു കാരണം കണ്ടെത്തും’ എന്നാണ് ട്രംപ് പ്രതികരിച്ചത്.
വെള്ളിയാഴ്ച പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ, തന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറോട് ട്രംപ് മറുപടി നല്‍കി. ‘എനിക്കറിയില്ല… ഞങ്ങള്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഇക്കാര്യം വിദേശകാര്യ സെക്രട്ടറി റൂബിയോ മാര്‍ക്കോ പറയും. എട്ടാമത്തേത് അവസാനിപ്പിക്കാന്‍ അടുത്തെത്തിയിരിക്കുന്നു. റഷ്യന്‍ പ്രശ്‌നവും ഞങ്ങള്‍ പരിഹരിക്കും എന്നാണ് കരുതുന്നത്. ഇത്രയധികം യുദ്ധങ്ങള്‍ ആരും ചരിത്രത്തില്‍ അവസാനിപ്പിച്ചിട്ടില്ല,’ എന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

വെള്ളിയാഴ്ചയാണ് സമാധാന നൊബേല്‍ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 10ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വച്ചാണ് നൊബേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണുള്ളതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണുള്ളത്.
ട്രംപിനെ കൂടാതെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരിക്കെ ഏപ്രില്‍ 21ന് കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ ഈ വര്‍ഷം ആദ്യം സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിരുന്നു. നിലവില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പാക്കിസ്ഥാന്‍ വേള്‍ഡ് അലയന്‍സ് (PWA) അംഗങ്ങളും നോര്‍വേയിലെ രാഷ്ട്രീയ പാര്‍ട്ടിയായ പാര്‍ട്ടിയറ്റ് സെന്‍ട്രം (Partiet Sentrum) സമാധാന നൊബേലിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ശതകോടീശ്വരന്‍, ടെസ്ലാ മേധാവി ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം തുടങ്ങിയവര്‍ പട്ടികയില്‍ ഉണ്ട്.

കൂടാതെ യുദ്ധത്തിനും ക്ഷാമത്തിനും ഇടയില്‍ സാധാരണക്കാരെ സഹായിക്കാന്‍ ജീവന്‍ പണയപ്പെടുത്താനും തയാറാകുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ശൃംഖലയായ സുഡാനിലെ അടിയന്തര പ്രതികരണ സംഘം, ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ഭാര്യ യൂലിയ നവല്‍നയ, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് (യുഎന്‍എച്ച്‌സിആര്‍), യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റ്ഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍) തുടങ്ങിയ പേരുകളും സാധ്യത കല്‍പ്പിക്കപ്പെടുന്നു.