ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റോടെ സര്‍വീസ് നടത്തും.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകള്‍ക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2028 ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ നീട്ടുമെന്നും 2029 ഓടെ മുംബൈയില്‍ എത്തുമെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബുള്ളറ്റ് ട്രെയിന്‍ സൂറത്തില്‍ നിന്ന് ബിലിമോറ വരെയാണ് സര്‍വീസ് നടത്തുക. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നിങ്ങനെ 12 സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ (MAHSR) പദ്ധതി ജപ്പാന്‍ സര്‍ക്കാരിന്റെ സാങ്കേതിക സഹായത്തോടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.