വാഷിങ്ടണ്‍: കാനഡയിലേക്കുള്ള അമേരിക്കന്‍ മദ്യക്കയറ്റുമതി ഇടിഞ്ഞതായി യുഎസ് വ്യാപാര സംഘടന. 2025ന്റെ രണ്ടാം പാദത്തില്‍ 85 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയതിന് മറുപടിയായി കാനഡയിലെ ഷെല്‍ഫുകളിലും ബാറുകളിലും നിന്ന് അമേരിക്കന്‍ മദ്യം വ്യാപകമായി ഒഴിവാക്കിയതാണ് ഇടിവിന് കാരണം.
ഡിസ്റ്റില്‍ഡ് സ്പിരിറ്റ്സ് കൗണ്‍സില്‍ ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (ഉകടഇഡട) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാനഡയ്ക്ക് പുറമെ യുകെയിലേക്കും ജപ്പാനിലേക്കുമുള്ള കയറ്റുമതിയിലും കുറവുണ്ടായി. യഥാക്രമം 29%, 23% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ യുഎസ് മദ്യക്കയറ്റുമതിയുടെ 70 ശതമാനവും വഹിച്ചിരുന്ന രാജ്യങ്ങളാണിവ.

ജാക്ക് ഡാനിയല്‍സ്, വുഡ്‌ഫോര്‍ഡ് റിസര്‍വ് തുടങ്ങിയ മദ്യോല്‍പ്പന്നങ്ങളുടെ മാതൃ കമ്പനിയായ ബ്രൗണ്‍-ഫോര്‍മാനെ വ്യാപാര തര്‍ക്കം ഗണ്യമായി ബാധിച്ചു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ജൂലൈ 31 ന് അവസാനിച്ചത്) കാനഡയിലേക്കുള്ള വില്‍പ്പന 62 ശതമാനം കുറഞ്ഞതായി കമ്പനി അറിയിച്ചു.
യുഎസ് ഏര്‍പ്പെടുത്തിയ തീരുവകള്‍ അന്യായമാണെന്ന പൊതുവികാരമാണ് ഉപഭോക്താക്കളെ അവരുടെ ആഭ്യന്തര വ്യവസായങ്ങളെ പിന്തുണക്കാനും യുഎസ് ഇതര ഉല്‍പ്പന്നങ്ങള്‍ തേടാനും പ്രേരിപ്പിക്കുന്നത് എന്ന് കൗണ്‍സില്‍ വിലയിരുത്തി. ഈ സാഹചര്യം വളരെ ആശങ്കാജനകമാണെന്നും പ്രധാന അന്താരാഷ്ട്ര വിപണികളിലെ ഉപഭോക്താക്കള്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ തേടുകയാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കാനഡയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വൈന്‍, വിസ്‌കി വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 8.9 ശതമാനവും 8.5 ശതമാനവും വര്‍ധനയുണ്ടായതായി എന്‍എസ്എല്‍സി (NSLC) അറിയിച്ചു.