വാഷിങ്ടൺ : യുഎസിലെ മിസിസിപ്പിയിൽ ലെലാൻഡ്, ഹൈഡൽബർഗ് എന്നിവിടങ്ങളിൽ നടന്ന രണ്ട് വെടിവെപ്പുകളിലായി ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് പരുക്കേറ്റു. ലെലാൻഡിൽ ഹൈസ്കൂൾ ഫുട്ബോൾ മത്സരത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ നാല് പേരെ ഗ്രീൻവില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. മിസിസിപ്പിയിൽ വെള്ളിയാഴ്ച രാത്രിയാണ് അക്രമ സംഭവങ്ങൾ നടന്നത്.

അതിനിടെ, ഹൈഡൽബർഗ് ഹൈസ്കൂളിൽ നടന്ന മറ്റൊരു വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇവർ വിദ്യാർത്ഥികളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് മേധാവി കോർണൽ വൈറ്റ് അറിയിച്ചു. ഹൈഡൽബർഗ് ഹൈസ്കൂളിലെ വെടിവെപ്പുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ടൈലർ ജറോഡ് ഗുഡ്ലോ എന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുഎസിൽ സ്കൂൾ കാമ്പസുകളിലും മറ്റും വർധിച്ചു വരുന്ന വെടിവെപ്പ് സംഭവങ്ങളിൽ ഏറ്റവും പുതിയതാണ് മിസിസിപ്പിയിലേത്.