ഫ്രെഡറിക്ടൺ : യുഎസുമായുള്ള വ്യാപാര തർക്കത്തെത്തുടർന്ന്, ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്ത 34 ലക്ഷം ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യം വിറ്റഴിക്കാനൊരുങ്ങി ന്യൂ ബ്രൺസ്‌വിക്ക് ലിക്വർ കോർപ്പറേഷൻ (NB Liquor). കഴിഞ്ഞ മാർച്ചിലാണ് കോർപ്പറേഷൻ ഈ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ പ്രതിഷേധം തുടങ്ങി മാസങ്ങൾ പിന്നിട്ടപ്പോൾ 6 ലക്ഷം ഡോളർ വരുന്ന മദ്യം മാത്രമാണ് വിറ്റഴിക്കാൻ സാധിച്ചതെന്ന് കോർപ്പറേഷൻ പ്രസിഡന്റ് ലോറി സ്റ്റിക്ക്‌ലെസ് ഈ ആഴ്ച നിയമസഭാ സമിതിയെ അറിയിച്ചു. കെബെക്ക് അടക്കമുള്ള കനേഡിയൻ പ്രവിശ്യകളിലെ മദ്യവിൽപ്പന ബോർഡുകൾ, ട്രംപിന്റെ ഭീഷണികളെ തുടർന്നാണ് അമേരിക്കൻ മദ്യം ബഹിഷ്കരിച്ചത്. നിലവിൽ ഉപഭോക്താക്കൾക്കിടയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെ, മദ്യം നശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് വിറ്റഴിക്കാൻ ശ്രമിക്കുന്നതെന്നും സ്റ്റിക്ക്‌ലെസ് വ്യക്തമാക്കി.

ന്യൂ ബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ടിന്റെ നിർദ്ദേശപ്രകാരം ഫെബ്രുവരിയിലാണ് NB Liquor അമേരിക്കൻ മദ്യത്തിന്റെ പുതിയ വാങ്ങലുകൾ നിർത്തിവെക്കുകയും ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്. സാധാരണയായി വർഷത്തിൽ 4 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യമാണ് പ്രവിശ്യയിൽ വിറ്റഴിക്കാറുള്ളത്. നിലവിൽ ചില സർക്കാർ മദ്യശാലകളിലും കോർപ്പറേഷന്റെ സാലിസ്ബറിയി ഡിപ്പോ വഴിയും ഉപഭോക്താക്കൾക്ക് ഈ മദ്യം വാങ്ങാൻ സൗകര്യമുണ്ട്. മൊത്തം ഷെൽഫ് സ്പേസിന്റെ 14% പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഇത് വിൽപ്പനയുടെ 8% സംഭാവന ചെയ്യുന്നു. നിലവിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംഭവവികാസങ്ങൾ കാരണം പ്രാദേശിക ഉൽപ്പന്നങ്ങളോടുള്ള താൽപര്യം വർധിച്ചിട്ടുണ്ടെന്നും ഇത് വിൽപ്പനയെ സ്വാധീനിക്കുന്നുണ്ടെന്നും കോർപ്പറേഷൻ കൂട്ടിച്ചേർത്തു.