ന്യൂയോര്‍ക്ക് : ആഗോള പ്രതിസന്ധികൾ പരിഹരിക്കുന്നതിനായുള്ള തന്റെ ശ്രമങ്ങളെ അഭിനന്ദിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് നന്ദി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ദശാബ്ദങ്ങൾ നീണ്ട സങ്കീർണ്ണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ട്രംപ് പരിഹരിക്കുന്നു” എന്ന് പുടിൻ പറയുന്ന വിഡിയോയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ട്രംപ് ‘പ്രസിഡന്റ് പുടിന് നന്ദി!’ എന്ന് കുറിച്ചത്. ട്രംപ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, യുക്രെയ്ൻ വിഷയത്തിൽ അദ്ദേഹത്തിന് ആത്മാർത്ഥതയുണ്ടെന്നും പുടിൻ പ്രശംസിച്ചു. അതേസമയം, 2025-ലെ സമാധാന നൊബേൽ പുരസ്‌കാരം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് ലഭിച്ചതിനോടുള്ള ട്രംപിന്റെ നിരാശ മറച്ചുവെച്ചില്ല. പുരസ്‌കാരത്തിന് താനാണ് അർഹനെന്ന് മച്ചാഡോ പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. പുരസ്‌കാരത്തിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പറഞ്ഞ്, മുൻപ് അർഹതയില്ലാത്തവർക്ക് പുരസ്‌കാരം നൽകിയിട്ടുണ്ടെന്ന് പുടിനും വിമർശിച്ചു.

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചതിന് ശേഷം മച്ചാഡോ, തനിക്ക് നിർണ്ണായക പിന്തുണ നൽകിയ ട്രംപിന് പുരസ്‌കാരം സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നൊബേൽ സമ്മാനം ലഭിക്കാനുള്ള ട്രംപിന്റെ പ്രചാരണത്തോട് നോർവീജിയൻ കമ്മിറ്റി ശക്തമായി പ്രതികരിച്ചു. തങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, ആൽഫ്രഡ് നൊബേലിന്റെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സമിതി തീരുമാനങ്ങൾ എടുക്കുന്നതെന്നും കമ്മിറ്റി ചെയർ യോർഗൻ വാറ്റ്‌നെ ഫ്രൈഡ്‌നസ് വ്യക്തമാക്കി. ഇതിന് മറുപടിയായി, “സമാധാനത്തേക്കാൾ രാഷ്ട്രീയത്തിനാണ് നൊബേൽ കമ്മിറ്റി പ്രാധാന്യം നൽകുന്നത്” എന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യൂങ് പ്രതികരിക്കുകയും, പ്രസിഡന്റ് ട്രംപ് സമാധാന കരാറുകൾ ഉണ്ടാക്കുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.