മൺട്രിയോൾ : ഫ്രഞ്ച് ഭാഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കെബെക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ (2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെ) 9,813 പരിശോധനകൾ നടത്തിയതായി പ്രവിശ്യയുടെ ഫ്രഞ്ച് ഭാഷാ സംരക്ഷണ ഓഫീസ് (OQLF) വ്യക്തമാക്കി. ഇത് 2022-2023 കാലയളവിനെ അപേക്ഷിച്ച് 47% അധികമാണ്. സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

വർധിച്ചുവരുന്ന പരാതികളെ തുടർന്നാണ് പരിശോധനകളുടെ എണ്ണം കൂട്ടിയതെന്നും OQLF പറയുന്നു. കടകളിലും മറ്റ് ഇടങ്ങളിലും ഫ്രഞ്ച് ഭാഷയിൽ സേവനം ലഭിക്കുന്നില്ല എന്നതായിരുന്നു പ്രധാന പരാതി. കൂടാതെ, വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകളിലും ബോർഡുകളിലും ഔദ്യോഗിക ഭാഷയായ ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചു. ആകെ 10,371 പരാതികളാണ് ഈ കാലയളവിൽ ഓഫീസിന് ലഭിച്ചത്.