മൺട്രിയോൾ : കെബെക്കിലെ 1,100 മുനിസിപ്പാലിറ്റികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 4,560 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. ഒക്ടോബർ 3-ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരിൽ 564 പേർ മേയർ സ്ഥാനത്തേക്കും 3,996 പേർ കൗൺസിലർ സ്ഥാനത്തേക്കുമാണെന്ന് മുനിസിപ്പൽ കാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ആറ് പേർ റീജിയണൽ കൗണ്ടി മുനിസിപ്പാലിറ്റികളുടെ പ്രിഫെക്‌റ്റായും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 2021-ലെ തിരഞ്ഞെടുപ്പിൽ 4,974 സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് 615 മേയർമാരും 4,355 കൗൺസിലർമാരും നാല് പ്രിഫെക്‌റ്റുകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവിശ്യാ മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുക നവംബർ 2-നാണ്.