ഓട്ടവ : കനേഡിയൻ കനോല കർഷകർക്ക് നഷ്ടമുണ്ടാക്കുന്ന ചൈനയുടെ താരിഫ് ഒഴിവാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനിറ്റോബ, സസ്കാച്വാൻ പ്രീമിയർമാർ. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) കാനഡ ഏർപ്പെടുത്തിയ നികുതി എടുത്തുമാറ്റുകയാണെങ്കിൽ, കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുമേലുള്ള നികുതി ഒഴിവാക്കാമെന്ന് ചൈനീസ് അംബാസഡർ വാങ് ഡി അറിയിച്ചതോടെയാണ് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് മേൽ സമ്മർദ്ദം ചെലുത്തി പ്രീമിയർമാർ രംഗത്തെത്തിയത്. കാനഡയുടെ ഇ.വി. താരിഫ് കാരണമാണ് ചൈന കനോല താരിഫ് ചുമത്തിയതെന്ന് ചൈനീസ് അംബാസഡർ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇവി താരിഫ് ഒഴിവാക്കുന്നത് ഓട്ടോമോട്ടീവ് വ്യവസായത്തിന് ദോഷകരമാകുമെന്ന് ഓട്ടോ പാർട്സ് നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകി. ചൈനീസ് നികുതി കാരണം കനോല കർഷകർക്ക് വിപണി നഷ്ടപ്പെടുകയും ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്തതായി കനേഡിയൻ കനോല ഗ്രോവേഴ്സ് അസോസിയേഷൻ അറിയിച്ചു. ഈ ആഴ്ച വിദേശകാര്യ മന്ത്രി അനിത ആനന്ദ് ചൈന സന്ദർശിക്കാനിരിക്കെ, കനേഡിയൻ തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കുന്നതിലാണ് ശ്രദ്ധയെന്ന് സർക്കാർ പ്രതികരിച്ചു.