ടൊറന്റോ : അംഗീകാരമില്ലാത്തതും അതീവ മാരകവുമായ രണ്ട് പുതിയ രാസവസ്തുക്കൾ മയക്കുമരുന്ന് വിപണിയിൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രവിശ്യാതലത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി ഒന്റാരിയോ ആരോഗ്യ വകുപ്പ്. ടൊറന്റോയിലെ ഡ്രഗ് ചെക്കിങ് സർവീസാണ് പദാർത്ഥങ്ങൾ തിരിച്ചറിഞ്ഞത്. ഇവയിൽ ഒരെണ്ണം, ഫെന്റനൈലിനേക്കാൾ ശക്തിയേറിയ ഒപിയോയിഡ് വിഭാഗത്തിൽപ്പെട്ടതാണ്. ഈ പുതിയ മരുന്നുകളുടെ ഉപയോഗം വിഷബാധയ്ക്കും (ഓവർഡോസ്) മരണത്തിനും കാരണമായേക്കാം എന്നതിനാൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

വിഷബാധ തടയുന്നതിനായി, എല്ലാവരും നലോക്സോൺ കിറ്റ് സൗജന്യമായി ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച് കൈവശം വെക്കണം. മയക്കുമരുന്ന് ഒറ്റയ്ക്ക് ഉപയോഗിക്കരുത്, മറ്റു മരുന്നുകളുമായി കൂട്ടിക്കലർത്തരുത്, ചെറിയ അളവിൽ മാത്രം ഉപയോഗിച്ചു തുടങ്ങുക എന്നീ നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. മയക്കുമരുന്ന് വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ 911-ൽ വിളിച്ച് സഹായം തേടണം. ഈ അവസരത്തിൽ മരുന്ന് ഉപയോഗിച്ചയാൾ ഉണരുന്നില്ലെങ്കിൽ പോലും നലോക്സോൺ നൽകേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.