ഓട്ടവ : യുഎസുമായുള്ള വ്യാപാര തർക്കങ്ങൾക്കിടയിലും കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്ന് മൈക്രോസോഫ്റ്റ് കാനഡയുടെ പുതിയ പ്രസിഡന്റ് മാറ്റ് മിൽട്ടൺ. 40 വർഷത്തെ കാനഡയിലെ പ്രവർത്തന പാരമ്പര്യവും, കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലെ വൻ നിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഭാവിയുടെ ഭാഗമാകാൻ തങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന് പകരം കാനഡ തദ്ദേശീയ കമ്പനികൾക്ക് മുൻഗണന നൽകുമോ എന്ന ആശങ്ക നിലനിൽക്കുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സാമ്പത്തിക ദേശീയത (Economic Nationalism) വർധിച്ചതോടെ, ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന സോവറിൻ ക്ലൗഡ് പോലുള്ള പദ്ധതികളിൽ കനേഡിയൻ കമ്പനികൾക്ക് പ്രാധാന്യം നൽകണമെന്നാണ് ആവശ്യം. എന്നാൽ, മൈക്രോസോഫ്റ്റ് പോലെയുള്ള വൻകിട കമ്പനികൾ രാജ്യത്തിന്റെ നിക്ഷേപത്തിലും തൊഴിൽ വിപണിയിലും ശക്തമായ സ്വാധീനം ചെലുത്തുന്നതിനാൽ, അവരെ പൂർണ്ണമായി ഒഴിവാക്കാൻ സാധ്യതയില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാങ്കേതിക മുന്നേറ്റത്തിനായി വിദേശ-സ്വദേശ കമ്പനികളുടെ സഹകരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.