ടെല്‍ അവീവ് : ഗാസ യുദ്ധത്തിൽ ഇസ്രയേലിന് വലിയ വില നൽകേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിരവധി സൈനികരെ നഷ്ടമായെന്നും, ഹമാസ് പ്രചാരണത്തിൽ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ പാർലമെന്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേലിന്റെ നിശ്ചയദാർഢ്യം ശത്രുക്കൾക്ക് മനസ്സിലായെന്നും, ഹമാസിനും ഇറാനുമെതിരെ വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡന്റായ ശേഷം ലോകത്തെ ഇത്ര വേഗത്തിൽ മാറ്റിമറിച്ച മറ്റൊരു നേതാവില്ലെന്നും നെതന്യാഹു ട്രംപിനെ പ്രശംസിച്ചു.

അതേസമയം, ഗാസയിൽ ജീവനോടെയുണ്ടായിരുന്ന മുഴുവൻ ഇസ്രയേലി ബന്ദികളെയും ഹമാസ് കൈമാറി. 20 ഇസ്രയേലി ബന്ദികളെ (ആദ്യ ഘട്ടത്തിൽ 7 പേരെയും രണ്ടാം ഘട്ടത്തിൽ 13 പേരെയും) റെഡ് ക്രോസിനാണ് കൈമാറിയത്. ബന്ദി കൈമാറ്റത്തിന് പിന്നാലെ, ഇസ്രയേൽ ജയിലുകളിൽ കഴിഞ്ഞിരുന്ന 250 പലസ്തീൻ ബന്ദികളെയും ഇസ്രയേൽ വിട്ടയച്ചു.