ഓട്ടവ : ഗാസയിലെ സമാധാന കരാർ പ്രകാരമുണ്ടായ ബന്ദികളുടെ മോചനം ആശ്വാസത്തിൻ്റെ നിമിഷമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ട്രംപിൻ്റെ നേതൃത്വത്തെ പ്രശംസിച്ച കാർണി, വെടിനിർത്തൽ വ്യവസ്ഥകൾ നടപ്പിലാക്കാൻ എല്ലാ കക്ഷികളോടും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗാസയിൽ ഒരു താൽക്കാലിക ഭരണ സംവിധാനം സ്ഥാപിക്കണമെന്നും, ഇസ്രയേലികളും പലസ്തീനികളും സമാധാനപരമായി സഹവർത്തിക്കുന്ന സ്ഥിരമായ രാഷ്ട്രീയ പരിഹാരത്തിന് വേണ്ടി പ്രവർത്തിക്കാനും കാർണി ആഹ്വാനം ചെയ്തു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കൾ പങ്കെടുത്ത മധ്യപൂർവ്വദേശ സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുന്നതിനായി കാർണി ഞായറാഴ്ച ഈജിപ്തിൽ എത്തിയിരുന്നു. ഹമാസ് ബാക്കിയുള്ള 20 ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചതിന് പിന്നാലെയാണ് സമാധാന ഉച്ചകോടി നടന്നത്. അന്താരാഷ്ട്ര പിന്തുണയുള്ള പലസ്തീൻ അതോറിറ്റിക്ക് ഗാസയിൽ പങ്ക് നൽകുന്നതിനെ ഇസ്രയേൽ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്.