വന്‍കൂവര്‍: സതേണ്‍ റസിഡന്റ് കൊലയാളി തിമിംഗലങ്ങള്‍ വംശനാശ ഭീഷണിയില്ലെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഓര്‍ക്കകള്‍ എന്ന് അറിയപ്പെടുന്ന ഇവയുടെ എണ്ണത്തില്‍ വലിയ വര്‍ധനവില്ലെന്നും സംരക്ഷണ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ അവ പതിയെ അപ്രത്യക്ഷമായേക്കുമെന്നും പുതിയ സര്‍വേ സ്ഥിരീകരിക്കുന്നു. സെന്റര്‍ ഫോര്‍ വെയില്‍ റിസര്‍ച്ച് ഡയറക്ടര്‍ മൈക്കിള്‍ വെയ്സ് ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ചിനൂക്ക് സാല്‍മണ്‍ മത്സ്യങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ്, കടലിലെ മലിനീകരണം, വാഷിങ്്ടണ്‍ സംസ്ഥാനത്തിന്റെയും തെക്കന്‍ ബ്രിട്ടിഷ് കൊളംബിയയുടെയും തീരദേശ ആവാസവ്യവസ്ഥയിലെ ക്രൂയിസ് കപ്പലുകള്‍, ടാങ്കറുകള്‍, ചരക്ക് കപ്പലുകള്‍ എന്നിവയില്‍ നിന്നുള്ള ശബ്ദശല്യം എന്നിവയാണ് ഓര്‍ക്കകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളെന്ന് വെയ്സ് ചൂണ്ടിക്കാട്ടി.

‘അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ഓര്‍ക്കകള്‍ വംശനാശം നേരിടുമെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ അടുത്ത 50 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള മൂന്ന് കൂട്ടങ്ങളില്‍ (പോഡ്) ഒന്നെങ്കിലും ഇല്ലാതാവാന്‍ നല്ല സാധ്യതയുണ്ട്,’ വെയ്സ് പറഞ്ഞു. ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച് മൊത്തം ഓര്‍ക്കകളുടെ എണ്ണം 74 ആണ്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരണ്ണം മാത്രം കൂടുതല്‍. കണക്കെടുപ്പ് കാലയളവില്‍ നാല് കുട്ടികള്‍ ജനിച്ചെങ്കിലും രണ്ടെണ്ണം മാത്രമേ അതിജീവിച്ചുള്ളൂ. ആദ്യ വര്‍ഷത്തില്‍ തന്നെ 50 ശതമാനത്തോളം കുട്ടികള്‍ മരണപ്പെടുന്ന ഉയര്‍ന്ന നിരക്കാണ് തെക്കന്‍ റസിഡന്റ് ഓര്‍ക്കകള്‍ക്കിടയിലുള്ളത്.
‘K പോഡ്’ എന്ന് അറിയപ്പെടുന്ന കൂട്ടത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. 50 വര്‍ഷത്തെ സര്‍വേ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ എണ്ണമായ 14 അംഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ കൂട്ടത്തിലുള്ളത്. ഇവ പ്രജനനം നടത്തുന്നില്ല എന്നതാണ് ആശങ്കാജനകമായ കാര്യം. K പോഡിലെ ഏറ്റവും പ്രായം കൂടിയ ആണ്‍ തിമിംഗലം (K26) 2024-ന്റെ അവസാന വേനല്‍ക്കാലത്ത് അപ്രത്യക്ഷമായി. ജനിതക വൈവിധ്യത്തിന്റെ കുറവ് ഈ ഓര്‍ക്കകളുടെ അതിജീവനത്തെയും രോഗപ്രതിരോധ ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വെയ്സ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ‘J പോഡ്’ മാത്രമാണ് വളര്‍ച്ച കാണിക്കുന്നത്. തെക്കന്‍ റസിഡന്റ് ഓര്‍ക്കകളുടെ ജനസംഖ്യയുടെ 15% (11 എണ്ണം) മാത്രമാണ് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍. എന്നാല്‍, വളര്‍ച്ച നേടുന്ന വടക്കന്‍ റസിഡന്റ് ഓര്‍ക്കകളുടെ കൂട്ടത്തില്‍ ഇത് 47% ആണ്.
ചിനൂക്ക് സാല്‍മണ്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ, പ്രത്യേകിച്ച് ശുദ്ധജലത്തിലെ മുട്ടയിടുന്ന സ്ഥലങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലൂടെയും മത്സ്യബന്ധന രീതികള്‍ മാറ്റുന്നതിലൂടെയും ഓര്‍ക്കകളുടെ വീണ്ടെടുപ്പ് സാധ്യമാവുമെന്നും വെയ്സ് അഭിപ്രായപ്പെട്ടു. ‘നഗരവല്‍ക്കരിക്കപ്പെട്ട ഇവയുടെ ആവാസ വ്യവസ്ഥ ഒരു പ്രശ്‌നമാണ്. കപ്പലുകള്‍ ദിവസേന കടന്നുപോകുന്ന സ്ഥലങ്ങളില്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത് ഒരു ഹൈവേയില്‍ ഭക്ഷണം കണ്ടെത്താന്‍ ശ്രമിക്കുന്നതിന് തുല്യമാണ്,’ വെയ്സ് പറഞ്ഞു. സാല്‍മണ്‍ മത്സ്യബന്ധനം തുറന്ന കടലില്‍ നിന്ന് കായലുകളിലേക്കും മറ്റും മാറ്റുന്നത് ഓര്‍ക്കകള്‍ക്ക് പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.