കാബൂള്‍: അഫ്ഗാനിസ്ഥാന്-പാക്കിസ്ഥാന് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും വീസ നിഷേധിച്ച് അഫ്ഗാനിസ്ഥാന്. പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജന്‍സ് മേധാവി അസിം മാലിക്, രണ്ട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് അഫ്ഗാന് അധികൃതര്‍ പ്രവേശനം നിഷേധിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്ന് തവണ ഇവരുടെ വീസ അപേക്ഷകള്‍ നിരസിച്ചതായാണ് വിവരം.
പാക്കിസ്ഥാന് ഭരണകൂടത്തിനെതിരെ ഭീകരാക്രമണങ്ങള്‍ നടത്തുന്ന തെഹ്രികെ താലിബാന് പാക്കിസ്ഥാന് എന്ന പാക് താലിബാന് സംഘടനയ്ക്ക് പിന്തുണ നല്കുന്ന അഫ്ഗാനിലെ താലിബാന് ഭരണകൂടത്തിന്റെ നയത്തിലുള്ള അതൃപ്തിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം നിയമസാധുതയുള്ളതല്ലെന്ന് പാക്കിസ്ഥാന് പ്രഖ്യാപിച്ചിരുന്നു.

യുഎസ് പിന്തുണയുണ്ടായിരുന്ന ജനാധിപത്യ സര്‍ക്കാരിനെ സായുധ കലാപത്തിലൂടെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ താലിബാന് ഭരണകൂടത്തെ പിന്തുണച്ച ആദ്യത്തെ രാജ്യമായിരുന്നു പാക്കിസ്ഥാന്. 2021-ലെ മുന്‍ നിലപാടില്‍നിന്ന് ഇപ്പോള്‍ മലക്കം മറിഞ്ഞതിന് പിന്നില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് കാരണം.