കാൽഗറി: പ്രവിശ്യയിലെ അധ്യാപക സമരത്തെ തുടർന്ന് വലഞ്ഞ ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്കായുള്ള ധനസഹായത്തിന് ചൊവ്വാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാം. പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാമിന് കീഴിൽ 12 വയസ്സിന് താഴെയുള്ളതും, അധ്യാപക സമരം ബാധിക്കുന്നതുമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പ്രതിദിനം 30 ഡോളർ നൽകും.
സമരം കാരണം വിദ്യാർത്ഥികൾ വീട്ടിലിരിക്കുമ്പോൾ ചൈൽഡ് കെയർ, ഭക്ഷണം തുടങ്ങിയ അധിക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ധനമന്ത്രി നേറ്റ് ഹോണർ പറഞ്ഞു. പണിമുടക്കിന്റെ ആദ്യ ദിവസമായ ഒക്ടോബർ 6 മുതൽ പണിമുടക്ക് അവസാനിക്കന്നതുവരെ സമരം മൂലം ക്ലാസുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പേയ്‌മെൻ്റ് ലഭ്യമാവും. ഒക്ടോബർ 31 മുതൽ ഇ-ട്രാൻസ്ഫർ വഴി പ്രതിമാസം പേയ്‌മെൻ്റുകൾ ലഭിക്കുന്നതായിരിക്കും.

യോഗ്യതാ മാനദണ്ഡം
പാരന്റ് പേയ്‌മെന്റ് പ്രോഗ്രാമിന് യോഗ്യത നേടുന്നതിന്, അപേക്ഷകർ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കണം:
- അപേക്ഷകൻ 12 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടിയുടെ രക്ഷിതാവ് ആയിരിക്കണം.
- കുട്ടി ഒരു പൊതു, കത്തോലിക്കാ അല്ലെങ്കിൽ ഫ്രാങ്കോഫോൺ സ്കൂളിൽ പഠിക്കുന്നതായിരിക്കണം.
3.അപേക്ഷകനും കുട്ടിയും ആൽബർട്ടയിൽ താമസിക്കുന്നവരായിരിക്കണം.