ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (MEA) ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ലിമിറ്റഡിന് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വിദേശ ഇന്ത്യന്‍ ദൗത്യ മിഷനുകള്‍ക്കും സ്ഥാനപതിമാരുടെ ഓഫീസുകള്‍ക്കും വേണ്ടി ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. കോടതി കേസുകളും അപേക്ഷകരില്‍ നിന്നുള്ള പരാതികളും ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു.
വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, വിദേശത്തുള്ള ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍, നയതന്ത്ര ഓഫീസുകള്‍ എന്നിവയുടെ പുതിയ പ്രോജക്റ്റുകള്‍ക്കായി ലേലം വിളിക്കുന്നതില്‍ നിന്ന് ബിഎല്‍എസിനെ വിലക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള കരാറുകള്‍ ഈ ഉത്തരവിന്റെ പരിധിയില്‍ വരില്ലെന്ന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ വ്യക്തമാക്കി. അതിനാല്‍, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കുള്ള വീസ, പാസ്പോര്‍ട്ട് പുതുക്കല്‍, ബയോമെട്രിക് സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവിലുള്ള ബിഎല്‍എസ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് തടസ്സമുണ്ടാകില്ല. നിലവിലെ കരാറുകള്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരും.

പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ 11% വരെ ഇടിവുണ്ടായി. ഭാവി ബിസിനസ് അവസരങ്ങളിലുണ്ടാകാവുന്ന തിരിച്ചടിയിലുള്ള നിക്ഷേപകരുടെ ആശങ്കയാണ് ഈ ഇടിവിന് കാരണം. അതേസമയം ഈ നടപടിക്കെതിരെ നിയമനടപടി പരിഗണനയിലാണെന്നും ഈ തീരുമാനം വീസ ഔട്ട്‌സോഴ്‌സിങ് മേഖലയിലെ ”സാധാരണ നടപടിക്രമത്തിന്റെ ഭാഗം” മാത്രമാണെന്നും ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ അറിയിച്ചു.