വെല്ലിങ്ടൺ : കനത്ത മഴയെത്തുടർന്ന് നോർത്ത് ഐലൻഡിലെ ഓഹുര (Ohura), മൈതറെ (Maitere), ടോകോറിമ (Tokorima) ടൗൺഷിപ്പുകൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. നോർത്ത് ഐലൻഡിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി ഹൈവേകൾ മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ചില സ്കൂളുകൾ നേരത്തെ അടച്ചു. ബേ ഓഫ് പ്ലെന്റിയിലെ കിഴക്കൻ മേഖലകളിൽ വൈകുന്നേരം വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ഗിസ്ബോൺ, ഹോക്ക്സ് ബേ, മനാവത്തു, ഇൻലാൻഡ് വാംഗനുയി, ഈസ്റ്റേൺ ടരാനകി, ടായിഹാപെ, ടൗമാരുനുയി, സതേൺ ടൗപോ, നെൽസൺ, ടാസ്മൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ മഴയോടും കൂടി ചിലപ്പോൾ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. ചില പ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്ക് കാരണം വ്യാപകമായ വെള്ളപ്പൊക്കം തുടരുകയാണ്. അപകടസാധ്യതകൾ കണക്കിലെടുത്ത്, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.