ഓട്ടവ: കാനഡയിൽ സാമ്പത്തിക വിടവ് ഉയർന്ന നിലയിൽ തുടരുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട്. യുവകുടുംബങ്ങളാണ് സാമ്പത്തികമായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. കാനഡയിലെ മൊത്തം സമ്പത്തിൻ്റെ ഭൂരിഭാഗവും ഏറ്റവും സമ്പന്നമായ കുടുംബങ്ങളുടെ കൈകളിലാണ്, ഈ പ്രവണത വർധിച്ചു വരികയും ചെയ്യുന്നതായി റിപ്പോർട്ട് പറയുന്നു.
രാജ്യത്ത് തൊഴിലില്ലായ്മയും ജീവിതച്ചെലവും വർധിക്കുകയും, വീടുകളുടെ വില താങ്ങാനാവാത്ത വിധം ഉയരുകയും ചെയ്യുന്നതിനിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധവും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളും കനേഡിയൻ ബിസിനസുകൾക്കും കുടുംബങ്ങൾക്കും സാമ്പത്തിക വെല്ലുവിളികൾ വർധിപ്പിച്ചു.

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, 2025-ൻ്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ മുതൽ ജൂൺ വരെ) വരുമാന അന്തരം 48.4 ശതമാനമെന്ന റെക്കോർഡ് നിലയിൽ തുടരുകയാണ്. 2024-ലെ അതേ നിരക്കാണിത്. സാമ്പത്തിക വിപണിയിലെ നേട്ടങ്ങൾ ഏറ്റവും ധനികർക്ക് പ്രയോജനം ചെയ്തപ്പോൾ, റിയൽ എസ്റ്റേറ്റ് മൂല്യങ്ങളിലെ ഇടിവ് ഏറ്റവും ദരിദ്രരും യുവതലമുറക്കാരുമായ കുടുംബങ്ങളുടെ ശരാശരി സമ്പത്തിൽ കുറവുണ്ടാക്കി.ഇതോടെ സമ്പത്തിക അന്തരവും വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കാനഡ പറയുന്നു.