ഡബ്ലിൻ : ഭൂവുടമകളെ നിയന്ത്രിക്കുന്ന കർശന നിയമം അവതരിപ്പിക്കാനൊരുങ്ങി അയർലൻഡ് സർക്കാർ. വാടകക്കാരനിൽ നിന്ന് രഹസ്യമായി ഉയർന്ന നിരക്കിൽ വാടക ഈടാക്കുന്നത് അവസാനിപ്പിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഇതനുസരിച്ച്, ഓരോ വാടക ഇനത്തിന്റെയും തുക ഭൂവുടമ പരസ്യമായി വെളിപ്പെടുത്തണം. ഇടപാടുകളിൽ സുതാര്യതയും നിയമപരമായ കാര്യങ്ങളും ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് അധികൃതർ പറയുന്നു. റസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ (RTB) നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ഭവന മന്ത്രി ജെയിംസ് ബ്രൗൺ ഇന്ന് നിയമം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

‘നോ ഫാൾട്ട് എവിക്ഷൻ’ നിരോധനം പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥയാണ്. കരാർ ലംഘനമൊന്നും വരുത്താത്ത വാടകക്കാരനെ മാറ്റാൻ, വൻകിട ഭൂവുടമകളെ ഇത് അനുവദിക്കില്ല. വീട് വിൽപന, നവീകരണം, മറ്റ് ആവശ്യങ്ങൾ എന്നീ കാരണങ്ങൾ പറഞ്ഞ് വാടകക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കും ഇതോടെ വിരാമമാകും. രാജ്യത്തുടനീളം വാടക വിവരങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ റെന്റ് പ്രൈസ് രജിസ്റ്റർ സ്ഥാപിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വാടക സമ്മർദ്ദ മേഖലകളിൽ (RPZ) വാടക വർധന 2% ആയി പരിമിതപ്പെടുത്തുന്ന നിലവിലെ നിയമത്തിലും മാറ്റങ്ങൾ വരും. വർധന ഇനി ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള പണപ്പെരുപ്പ നിലവാരവുമായി ബന്ധിപ്പിക്കും. ചെറുകിട ഭൂവുടമകൾക്ക് ചില ഇളവുകൾ അനുവദിക്കുന്ന പുതിയ നിയമങ്ങൾ, 2026 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.