സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുള്ള ലിബറൽ പാർട്ടി നേതാവ് ജോൺ ഹോഗൻ വീണ്ടും ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, പ്രവിശ്യയിൽ ഭരണമാറ്റം അനിവാര്യമാണെന്ന് പ്രോഗ്രസ്സീവ് കൺസർവേറ്റീവ് നേതാവ് ടോണി വേക്ക്ഹാം അഭിപ്രായപ്പെട്ടു. ലിബറൽ ഭരണത്തിന് കീഴിൽ ആരോഗ്യ രംഗം, ജീവിത നിലവാരം എന്നിവ മെച്ചപ്പെട്ടോ എന്നും വേക്ക്ഹാം ആരാഞ്ഞു.

ലിബറൽ പാർട്ടിയുടെ ഭരണത്തെക്കുറിച്ചുള്ള ഒരു റഫറണ്ടം ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് എൻഡിപി നേതാവ് ജിം ഡിൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ 40 സീറ്റുകളുള്ള നിയമസഭയിൽ ലിബറലുകൾക്ക് 19 സീറ്റുകളും കൺസർവേറ്റീവുകൾക്ക് 14 സീറ്റുകളും ഒരു എൻഡിപി അംഗവും രണ്ട് സ്വതന്ത്രരും നാല് ഒഴിഞ്ഞ സീറ്റുകളും ആയിരുന്നു ഉണ്ടായിരുന്നത്. ഭൂരിപക്ഷത്തിനായി കക്ഷികൾക്ക് പ്രവിശ്യയിൽ 21 സീറ്റുകൾ നേടേണ്ടതുണ്ട്.