മൺട്രിയോൾ : ഗാസ സമാധാന പദ്ധതിക്ക് പൂർണ്ണമായി വഴങ്ങാൻ ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ട് മൺട്രിയോളിലെ മനുഷ്യാവകാശ പ്രവർത്തക നിമാ മച്ചൂഫ്. യുഎസ് പിന്തുണയോടെയുള്ള സമാധാന കരാർ ഇസ്രയേൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം ഉടൻ എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രയേൽ സൈന്യം തടവിലാക്കി ദിവസങ്ങൾക്ക് ശേഷം മൺട്രിയോൾ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സൈന്യം തടഞ്ഞ ‘ദ കോൺഷ്യൻസ്’ എന്ന കപ്പലിൽ ഉണ്ടായിരുന്ന കനേഡിയൻ പൗരന്മാരിൽ ഒരാളാണ് മച്ചൂഫ്. തങ്ങളെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും, അവിടെവെച്ച് മനഃശാസ്ത്രപരമായ പീഡനത്തിനും അപമാനത്തിനും ഇരയാക്കിയെന്നും അവർ വെളിപ്പെടുത്തി. “ഗാസയിലെ വംശഹത്യ തടയാൻ കാനഡ വർഷങ്ങൾക്ക് മുൻപേ പ്രവർത്തിക്കേണ്ടതായിരുന്നു. ഇസ്രയേലിലേക്കുള്ള ആയുധ വിൽപ്പന ഉടൻ നിർത്തണം” – അവർ ആവശ്യപ്പെട്ടു. ഗാസയിലെ ജനങ്ങൾക്ക് അടിയന്തിരമായി സഹായം ലഭിക്കാൻ ഒരു സുരക്ഷിത ഇടനാഴി സ്ഥാപിക്കണമെന്നും, പലസ്തീൻ ജീവിതത്തിന് ഭീഷണിയാകുന്ന ഇസ്രയേലുമായുള്ള വ്യാപാര കരാറുകൾ നിർത്തലാക്കണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി മാർക്ക് കാർണി നിലവിൽ ഈജിപ്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോക നേതാക്കളോടൊപ്പം മധ്യേഷ്യൻ സമാധാന ഉടമ്പടി ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുക്കുകയാണ്.