ഡബ്ലിൻ : കുട്ടികളുടെ സംരക്ഷണച്ചെലവ് കുറയ്ക്കാൻ അയർലൻഡ് സർക്കാർ കൊണ്ടുവന്ന ‘കോർ ഫണ്ടിങ്’ പദ്ധതി തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. ഫീസിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി, ഇഷ്ടാനുസരണം വർധന വരുത്തുന്നതിനായി, 51 ചൈൽഡ് കെയർ സ്ഥാപനങ്ങൾ സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയതായാണ് വിവരം. ഡബ്ലിനിലെ ചില സ്ഥാപനങ്ങൾ ആഴ്ചയിലെ ഫീസ് 190 യൂറോയിൽ നിന്ന് 300 യൂറോ ആക്കി ഉയർത്തി. സർക്കാരിന്റെ ഗ്രാന്റ് തികയുന്നില്ലെന്നും, ജീവിതച്ചെലവ് വർധിച്ചെന്നുമാണ് സ്ഥാപനങ്ങളുടെ ന്യായീകരണം.

സർക്കാർ ഗ്രാന്റ് ഉപേക്ഷിക്കുന്നതോടെ, സ്ഥാപനങ്ങൾക്ക് തോന്നുന്നപോലെ ഫീസ് കൂട്ടാൻ സാധിക്കും. മാസം 300 യൂറോ മുതൽ 400 യൂറോ വരെയാണ് പല സ്ഥാപനങ്ങളും വർധന വരുത്തിയത്. ഇതോടെ, ഉയർന്ന ഫീസ് നൽകാനോ അല്ലെങ്കിൽ ജോലി ഉപേക്ഷിക്കാനോ നിർബന്ധിതരാവുകയാണ് രക്ഷിതാക്കൾ. രാജ്യത്തുടനീളം 77,000 കുട്ടികളാണ് നിലവിൽ ചൈൽഡ് കെയറിനായി കാത്തിരിപ്പ് പട്ടികയിൽ ഉള്ളത്. സ്ഥാപനങ്ങൾ പിന്മാറുന്നത് തുടർന്നാൽ ഈ മേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും, മതിയായ നിക്ഷേപം നടത്തിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.