ഓട്ടവ : ഇസ്രയേൽ-ഹമാസ് സമാധാന ഉടമ്പടി ഒപ്പിടാനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈജിപ്തിലേക്ക് പറന്നത് ചാർട്ടർ വിമാനത്തിലായിരുന്നെന്ന് റിപ്പോർട്ട്. കനേഡിയൻ ആംഡ് ഫോഴ്സിന്റെ (CAF) വിമാനങ്ങൾ അടിയന്തിര യാത്രയ്ക്കായി ലഭ്യമല്ലാതിരുന്നതാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് വിഘാതം സൃഷ്ടിച്ചത്. യുഎസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാൽ, CAF വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനുള്ള ജീവനക്കാർ മറ്റ് ജോലികളിൽ ആയിരുന്നു. സൈനിക വിമാനം കിട്ടാത്തത് വിവാദമായെങ്കിലും, CAF വിമാനത്തെക്കാൾ കുറഞ്ഞ ചെലവിൽ സ്വകാര്യ വിമാനത്തിൽ പോയെന്നും എത്തിക്സ് കമ്മീഷണറുടെ അനുമതി വാങ്ങിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു കാർണിയുടെ യാത്ര. മാധ്യമങ്ങളെ ഒഴിവാക്കിയ ഈ യാത്രയിൽ ബോംബാർഡിയർ ഗ്ലോബൽ എക്സ്പ്രസ് എക്സിക്യൂട്ടീവ് ജെറ്റാണ് ഉപയോഗിച്ചത്. CAF വിമാനങ്ങളുടെ ലഭ്യതക്കുറവ് ഒരു പ്രധാനമന്ത്രിയുടെ യാത്രയെ ബാധിച്ച് സമാനമായ സംഭവം, 1999-ൽ ജീൻ ക്രെഷ്യന്റെ കാലത്തും ഉണ്ടായിട്ടുണ്ട്.