ഓട്ടവ : നഗരത്തിലെ കാർലിങ്ടണിലെ അലക്സാണ്ടർ കമ്മ്യൂണിറ്റി സെന്റർ നവീകരിക്കുന്നതിനായി 80 ലക്ഷം ഡോളർ അനുവദിച്ച് ഒന്റാരിയോ സർക്കാർ. 20 കോടി ഡോളർ ചെലവഴിച്ച് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി സ്‌പോർട്‌സ് ആൻഡ് റിക്രിയേഷൻ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ (CSRIF) ഭാഗമായ ഈ നവീകരണ പദ്ധതിയിൽ ജിംനേഷ്യവും ഉൾപ്പെടും. ഈ പുതിയ ജിംനേഷ്യത്തിന് നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി വലിപ്പമായിരിക്കുമെന്നും അധികൃതർ പറയുന്നു.
ഏകദേശം 6,250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ജിമ്മിൽ ബാസ്കറ്റ്ബോൾ, പിക്കിൾബോൾ, വോളിബോൾ, മറ്റ് കായിക വിനോദങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങൾ ഉണ്ടായിരിക്കും. അതേസമയം, നിലവിലെ ജിം സാംസ്കാരിക, ഫിറ്റ്നസ്, വിനോദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

“എല്ലാ പ്രായത്തിലുമുള്ള ആളുകളെയും സജീവമായും ആരോഗ്യത്തോടെയും നിലനിർത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിലൂടെ ഓട്ടവ പോലുള്ള മുനിസിപ്പാലിറ്റികളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങളുടെ സർക്കാർ അഭിമാനിക്കുന്നു,” ഒന്റാരിയോ കായിക മന്ത്രി നീൽ ലംസ്ഡൻ പറഞ്ഞു.
നഗരത്തിലെ ഫിറ്റ്നസ് ഇൻഫ്രാസ്ട്രക്ചറിലുള്ള നിക്ഷേപത്തിൽ താൻ സന്തുഷ്ടനാണെന്ന് ഓട്ടവ മേയർ മാർക്ക് സട്ട്ക്ലിഫ് പറഞ്ഞു. ഈ പുതിയ ജിം ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കും മുഴുവൻ സമൂഹത്തിനും വലിയ മാറ്റമുണ്ടാക്കും അദ്ദേഹം കൂട്ടിച്ചേർത്തു.