കാൽഗറി: ആരോഗ്യ കരാറുകളിലെ അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്ന് ആൽബർട്ട സർക്കാർ. കുട്ടികളുടെ മരുന്നുകൾക്കും സ്വകാര്യ ശസ്ത്രക്രിയകൾക്കുമുള്ള മൾട്ടി മില്യൺ ഡോളറിന്റെ കരാറുകൾ പുനഃപരിശോധിക്കാൻ മാരിറ്റോബയിലെ മുൻ ജഡ്ജി റെയ്മണ്ട് വ്യാന്റിനെ മാർച്ചിൽ നിയമിച്ചിരുന്നു. ഈ വർഷം ആദ്യം ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) മുൻ മേധാവി അത്താന മെന്റ്സെലോപൗലോസ് ഫയൽ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണങ്ങൾ ഉടലെടുത്തത്.

അന്തിമ റിപ്പോർട്ട് ഇന്ന് പ്രതീക്ഷിക്കുന്നതായും തുടർന്ന് പൊതു റിലീസ് ഉണ്ടാകുമെന്നും സർക്കാർ വക്താവ് യോനാഥൻ സുമാമോ പറഞ്ഞു. എഎച്ച്എസിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത്, സ്വകാര്യ ശസ്ത്രക്രിയാ കമ്പനികൾക്കും മെഡിക്കൽ വിതരണക്കാർക്കും വേണ്ടി ഇടപാടുകളിൽ സർക്കാരിലെ ഉന്നത വ്യക്തികൾ ഇടപെട്ടുവെന്ന് അത്താന മെന്റ്സെലോപൗലോസ് തന്റെ കേസിൽ ആരോപിച്ചു. സർക്കാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ നിഷേധിക്കുന്നതായും പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.