മുംബൈ: ദക്ഷിണകൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ എൽജിയുടെ ഇന്ത്യൻ ഉപവിഭാഗമായ എൽജി ഇലക്ട്രോണിക്സ് ഇന്ത്യക്ക് ഓഹരി വിപണിയിൽ ബംപർ നേട്ടം. ഓഹരി വിപണിയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരിവില കുതിച്ചുകയറിയത് 50 ശതമാനത്തിലധികം. എൻഎസ്ഇയിൽ 50.01% നേട്ടവുമായി 1,710.10 രൂപയിലായിരുന്നു ലിസ്റ്റിങ്. ബിഎസ്ഇയിൽ 50.44% ഉയർന്ന് 1,715 രൂപയിലും. 11,607 കോടി രൂപയാണ് ഐപിഒവഴി കമ്പനി സമാഹരിച്ചത്.

ഇഷ്യുവിലയനുസരിച്ച് 77,400 കോടി രൂപയായിരുന്നു വിപണിമൂല്യം. എന്നാൽ, ലിസ്റ്റ്‌ചെയ്ത ആദ്യദിനം തന്നെ കമ്പനിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി കടന്നു. ഓഹരിയൊന്നിന് 1689.40 രൂപ നിരക്കിലാണ് ആദ്യദിനം ബിഎസ്ഇയിൽ വ്യാപാരം നിർത്തിയത്. ഇതനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം 1.14 ലക്ഷം കോടിയാണ്.
ദക്ഷിണകൊറിയയിലെ മാതൃകമ്പനിയെക്കാൾ വിപണിമൂല്യമുള്ള കമ്പനിയായി ഇതോടെ എൽജി ഇലക്ട്രോണിക്സ് ഇന്ത്യ മാറി. ദക്ഷിണ കൊറിയൻ കമ്പനിക്ക് ഏകദേശം 80,000 കോടി രൂപയ്ക്കടുത്താണ് വിപണിമൂല്യം. 54.02 മടങ്ങ് അപേക്ഷകളായിരുന്നു കമ്പനിയുടെ ഐപിഒ യ്ക്ക് ലഭിച്ചത്.