മൺട്രിയോൾ: കോടതിയിൽ സ്വയം പ്രതിരോധിക്കുന്നതിനായി കൃത്രിമബുദ്ധി (എഐ) ദുരുപയോഗം ചെയ്തതിന് കെബെക്ക് സ്വദേശിക്ക് പിഴ ചുമത്തി സുപ്പീരിയർ കോടതി. ജീൻ ലാപ്രേഡ് എന്ന വ്യക്തിക്കാണ് 5,000 ഡോളർ പിഴ ചുമത്തിയത്. 2019-ലെ ഒരു വ്യാപാര ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ലാപ്രേഡ് നിയമത്തെ വളച്ചൊടിക്കുന്ന രീതിയിൽ രേഖകൾ സമർപ്പിച്ചത്. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജവിവരങ്ങൾ സമർപ്പിച്ച് കോടതിയുടെ സമയം പാഴാക്കിയെന്ന ആരോപണത്തെ തുടർന്നാണ് പിഴ ചുമത്തിയത്.

വ്യാപാര ഇടപാടിലൂടെ തനിക്ക് ലഭിച്ച വിമാനത്തിന് 27 ലക്ഷം ഡോളർ പിഴ ചുമത്തിയ പാരീസ് ഇന്റർനാഷണൽ ആർബിട്രേഷൻ ചേംബറിന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലാപ്രേഡ് സമർപ്പിച്ച ഹർജിയെ പിൻതള്ളികൊണ്ടായിരുന്നു കോടതി വിധി. പിഴയ്ക്ക് പുറമെ, പിടിച്ചെടുത്ത വിമാനം ഉപയോഗിച്ചതിനാൽ നഷ്ടപരിഹാരമായി രണ്ട് വ്യോമയാന കമ്പനികൾക്ക് ലാപ്രേഡ് 27 ലക്ഷം ഡോളർ നൽകണമെന്ന് കെബെക്ക് കോടതി പ്രഖ്യാപിച്ചു. കോടതിയിൽ സമർപ്പിക്കുന്ന മുഴുവൻ രേഖകളുടെയും ഉത്തരവാദിത്തം വ്യക്തികൾക്കാണെന്നും വിധിന്യായത്തിൽ ജസ്റ്റിസ് ലൂക്ക് മോറിൻ കൂട്ടിച്ചേർത്തു.