ഹാലിഫാക്സ് : നികുതിക്കൊപ്പം വൈദ്യുതി, ജല നിരക്കുകളും വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിസന്ധിയിലായി നോവസ്കോഷ നിവാസികൾ. അറ്റ്‌ലാന്റിക് കാനഡയിലെ 50% പേർക്കും ബിൽ അടയ്‌ക്കാൻ ആവശ്യമായ തുകയായ 200 ഡോളറിൽ കുറഞ്ഞ പണം മാത്രമേ കൈവശമുള്ളൂവെന്ന് പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കടങ്ങളും ചെലവുകളും കഴിഞ്ഞാൽ 200 ഡോളറിൽ താഴെ മാത്രം ശേഷിക്കുന്ന സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് ആളുകളും തങ്ങളുടെ പ്രതിമാസ ബജറ്റിൽ നിന്ന് വെട്ടിച്ചുരുക്കാൻ കഴിയുന്നതെല്ലാം ഒഴിവാക്കിയിട്ടുണ്ടെന്ന് ലൈസൻസ്ഡ് ഇൻസോൾവൻസി ട്രസ്റ്റിനി ടീന പവൽ വ്യക്തമാക്കി. ഇത് പല കുടുംബങ്ങളും എത്രത്തോളം ദുർബലരാണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

തണുപ്പുകാലം അടുക്കുന്നതോടെ വർധിച്ചു വരുന്ന ഹീറ്റിങ് ചെലവുകൾ കാരണം ജനങ്ങൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് പവൽ പറയുന്നു. ഇത്തരം സാഹചര്യങ്ങൾ കൂടുതൽ വീടുകളെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക്, അനൗപചാരിക ഒത്തുതീർപ്പുകളിൽ ഇൻസോൾവൻസി ട്രസ്റ്റികൾക്ക് സഹായിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.