മൺട്രിയോൾ: നിരവധി വകുപ്പുകളിലായി നൂറോളം തസ്തികകൾ വെട്ടിക്കുറക്കാനൊരുങ്ങി കെബെക്ക് ഓട്ടോ ഇൻഷുറൻസ് ബോർഡ് (SAAQ). 2024 നവംബർ 1 മുതൽ നിയമനങ്ങൾ മരവിപ്പിക്കാൻ ട്രഷറി ബോർഡ് ഉത്തരവിട്ടിരുന്നു. ഈ മരവിപ്പിക്കൽ പ്രകാരം SAAQ ഉൾപ്പെടെയുള്ള വകുപ്പുകളും ഏജൻസികളും അവരുടെ ഔദ്യോഗിക ജീവനക്കാരെ പിരിച്ചുവിടേണ്ടതായുണ്ടെന്ന് SAAQ വക്താവ് സൈമൺ-പിയേർ പൗളിൻ പറഞ്ഞു. ഉപഭോക്തൃ സേവനത്തെയും പ്രവർത്തന ശേഷിയെയും ഇത് ബാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതിദായകർക്ക് 50 കോടി ഡോളറിലധികം നഷ്ടം വരുത്തിയ SAAQclic പരാജയത്തെത്തുടർന്ന് SAAQ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി. തുടർന്ന് ഗാലന്റ് കമ്മീഷൻ എന്ന പേരിൽ ഒരു ഔദ്യോഗിക പൊതു അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിന് നേതൃത്വം നൽകുന്ന കമ്മീഷണർ ഡെനിസ് ഗാലന്റ് ഡിസംബർ 15- നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും .