ടിബിലിസി : ജോർജിയയിൽ സെമി ട്രക്ക്, വാനിലിടിച്ച് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്. ട്രക്ക് ഡ്രൈവറായ കെയിൻ ആരോൺ ഹാമോക്ക് (33), വാനിന് വളരെ അടുത്തായി വാഹനം ഓടിച്ചതാണ് അഞ്ച് കുട്ടികൾ ഉൾപ്പെടെ എട്ട് പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത്. ട്രക്ക് വാനിലുരഞ്ഞ് തീപിടിച്ചതായി അധികൃതർ അറിയിച്ചു. അറ്റ്ലാന്റയ്ക്ക് വടക്ക് കിഴക്കായി ഇന്റർസ്റ്റേറ്റ് 85-ൽ തിങ്കളാഴ്ച വൈകുന്നേരം 4:10-ഓടെയാണ് അപകടം നടന്നത്.
മരിച്ച എട്ട് പേരും വാനിലെ യാത്രക്കാരായിരുന്നു. ഇതിൽ ദമ്പതികളും അവരുടെ മക്കളും മറ്റ് ബന്ധുക്കളും ഉൾപ്പെടുന്നു. മരിച്ച സ്ത്രീകളിലൊരാൾ ഗർഭിണിയായിരുന്നതിനാൽ, ട്രക്ക് ഡ്രൈവർക്കെതിരെ സെക്കൻഡ് ഡിഗ്രി വെഹിക്കുലാർ ഹോമിസൈഡിനുള്ള 8 കേസുകൾക്കൊപ്പം, സെക്കൻഡ് ഡിഗ്രി വെഹിക്കുലാർ ഫെറ്റിസൈഡിനും കുറ്റം ചുമത്തിയിട്ടുണ്ട്.

ഈ അപകടത്തിൽ മറ്റ് നാല് വാഹനങ്ങൾ കൂടി ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 37 പൂച്ചകളുമായി പോയ ഒരു വാനും അപകടത്തിൽപ്പെട്ടിരുന്നു. ഇതിലെ ഡ്രൈവർക്കും ചില പൂച്ചകൾക്കും പരുക്കേൽക്കുകയും അഞ്ച് പൂച്ചകളെ കാണാതാവുകയും ചെയ്തു.