വാഷിംങ്ടൺ: യൂട്ടവാലി സർവകലാശാല ചടങ്ങിനിടെ വെടിയേറ്റു മരിച്ച ചാർലി കിർക്കിന്റെ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വീസ യുഎസ് റദ്ദാക്കി. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ യുഎസ് തയ്യാറല്ലെന്ന് വീസ റദ്ദാക്കിയ വിവരം എക്സിലൂടെ അറിയിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. സൗത്ത് ആഫ്രിക്ക, മെക്സിക്കോ, പാരഗ്വേ തുടങ്ങിയ രാജ്യങ്ങളിലുള്ള ആറ് പേരുടെ വീസയാണ് റദ്ദാക്കിയത്. ചാർലിയുടെ മരണം ആഘോഷിക്കുന്നത് തുടർന്നാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇവർ ആറു പേരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിമർശനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് വീസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. കിർക്ക് തന്റെ ജീവിതം മുഴുവൻ വംശീയതയും വിദ്വേഷവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുകയായിരുന്നു എന്നും നരകത്തിൽ എരിഞ്ഞു തീരാൻ അർഹനാണ് കിർക്കെന്നും ഒരു അർജന്റീനിയൻ പൗരൻ പറഞ്ഞതായും അതുകൊണ്ട് അവരുടെ വീസ റദ്ദാക്കിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ ‘മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിച്ച സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും വീസ റദ്ദാക്കിയുള്ള വാർത്ത വന്നത്.

വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞിരുന്നു. ആരെങ്കിലും ചാർലിയുടെ മരണം ആഘോഷമാക്കുന്നുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണമെന്നും വാൻസ് ആവശ്യപ്പെട്ടിരുന്നു. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം കിർക്കിന്റെ മരണത്തെ തുടർന്ന് 145 ലധികം ആളുകളെ പിരിച്ചുവിടുകയോ, സസ്‌പെൻഡ് ചെയ്യുകയോ, രാജിവെക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറയുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും യുവജന സംഘടനയായ ടേണിങ് പോയിന്റ് യുഎസ്എയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായിരുന്നു ചാർലി കിർക്ക്. യൂട്ടാലി സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.