കാൽഗറി: പതിറ്റാണ്ടുകൾക്ക് ശേഷം വാഹന ലൈസൻസ് പ്ലേറ്റുകളിൽ മാറ്റം കൊണ്ടുവരാനൊരുങ്ങി ആൽബർട്ട സർക്കാർ. പുതിയ ഡിസൈൻ തിരഞ്ഞെടുക്കുന്നതിനായി പൊതു വോട്ടെടുപ്പ് കാമ്പയിൻ ആരംഭിക്കുന്നതായി സർക്കാർ അറിയിച്ചു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും സർവീസ് മന്ത്രി ഡെയ്ൽ നാലിയും ചേർന്ന് ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയത്.
“ശക്തവും സ്വതന്ത്രവും” എന്ന തീംമിലായിരിക്കും 2026 അവസാനത്തോടെ പുതിയ ലൈസൻസ് പ്ലേറ്റ് പുറത്തിറങ്ങുക. ഈ തീം പ്രവിശ്യയുടെ ലാറ്റിൻ മുദ്രാവാക്യം പ്രതിധ്വനിക്കുകയും കനേഡിയൻ ദേശീയഗാനത്തെ പരാമർശിക്കുകയും ചെയ്യുന്നതായി സ്മിത്ത് പറഞ്ഞു. ഒക്ടോബർ 15 മുതൽ നവംബർ 5 വരെ, ആൽബർട്ട നിവാസികൾക്ക് ഓൺലൈൻ വോട്ടിങ്ങിൽ പങ്കെടുക്കാം.

വോട്ടിങ് രീതി :
ഘട്ടം 1: എട്ട് ഡിസൈനുകൾ പൊതു വോട്ടുകൾക്കായി മത്സരിക്കുന്നു
രണ്ടാം ഘട്ടം: ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കും
ഘട്ടം 3: അന്തിമ വോട്ടെടുപ്പിൽ രണ്ട് ഫൈനലിസ്റ്റുകൾ ഏറ്റുമുട്ടും
വിജയിച്ച ലൈസൻസ് പ്ലേറ്റ് ഡിസൈൻ നിയമസഭയുടെ ശരത്കാല സമ്മേളനത്തിൽ വെളിപ്പെടുത്തും. പ്രവിശ്യാ നിവാസികൾക്ക് അവരുടെ വാഹന രജിസ്ട്രേഷൻ പുതുക്കുന്ന വേളയിൽ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പ്ലേറ്റ് ലഭിക്കും. അല്ലെങ്കിൽ 28 ഡോളർ ഫീസ് നൽകി പുതിയ പ്ലേറ്റുകൾ സ്ഥാപിക്കാം.