കാല്‍ഗറി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, ടെറിട്ടോറിയല്‍ ആരോഗ്യ മന്ത്രിമാര്‍ കാല്‍ഗറിയില്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ പ്രവിശ്യകള്‍ തമ്മിലുള്ള ധനസഹായ കരാറുകള്‍, ജീവനക്കാരുടെ ക്ഷാമം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും.
കാനഡയുടെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ സംരക്ഷിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാരും പ്രവിശ്യകളും ടെറിട്ടറികളും തമ്മിലുള്ള സഹകരണത്തിന് ഈ യോഗം ഊന്നല്‍ നല്‍കുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രി മാര്‍ജോറി മൈക്കിളിന്റെ ഓഫീസ് അറിയിച്ചു. മാനസികാരോഗ്യ-ആസക്തി പ്രശ്നങ്ങള്‍, വാക്സിനേഷന്‍ പരിപാടികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായേക്കും.
നിലവിലുള്ള ആരോഗ്യ ധനസഹായ പദ്ധതികള്‍ക്ക് കേന്ദ്രം ഉറപ്പ് നല്‍കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും ആല്‍ബര്‍ട്ടയുടെ പ്രൈമറി ആന്‍ഡ് പ്രിവന്റീവ് ഹെല്‍ത്ത് സര്‍വീസസ് മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് ആവശ്യപ്പെട്ടു. ദേശീയ ഫാര്‍മകെയര്‍ പദ്ധതിയില്‍ ചേരാതെ തന്നെ, പ്രൊവിന്‍ഷ്യല്‍ ഫാര്‍മകെയറിനായുള്ള ധനസഹായം ആല്‍ബര്‍ട്ടയ്ക്ക് നല്‍കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്നും ലാഗ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്കും പ്രമേഹ മരുന്നുകള്‍ക്കും പരിരക്ഷ നല്‍കുന്ന ഈ ദേശീയ പദ്ധതിയില്‍ ഇതുവരെ മൂന്ന് പ്രവിശ്യകളും ഒരു ടെറിട്ടറിയുമാണ് ഒപ്പുവെച്ചിട്ടുള്ളത്. അല്‍ബര്‍ട്ടയുടെ നിലവിലെ കവറേജ് മതിയായതാണെന്നും, ഫെഡറല്‍ ഫണ്ട് പ്രൊവിന്‍ഷ്യല്‍ പദ്ധതിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ഉപയോഗിക്കണമെന്നുമാണ് ലാഗ്രാഞ്ചിന്റെ നിലപാട്.
ദേശീയ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘടനകളുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളില്‍ നഴ്‌സുമാര്‍ നേരിടുന്ന അതിക്രമങ്ങളില്‍ മന്ത്രിമാര്‍ നടപടിയെടുക്കണമെന്ന് കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സസ് യൂണിയന്‍ പ്രസിഡന്റ് ലിന്‍ഡാ സൈലസ് ശക്തമായി ആവശ്യപ്പെട്ടു. പൊലീസിനെ ആക്രമിച്ചാല്‍ ഉടന്‍ കേസെടുക്കുന്നതുപോലെ ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തിലും സമീപനം ഉണ്ടാകണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.