ഓട്ടവ : ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ, ഒമ്പതാം സ്ഥാനത്തേക്ക് വീണ് കനേഡിയൻ പാസ്പോർട്ട്. വീസരഹിതമായി കനേഡിയൻ പൗരന്മാർക്ക് 183 രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാകുമെന്ന് ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് (HPI) വ്യക്തമാക്കുന്നു. അതേസമയം ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിന്‍റെ 20 വർഷത്തിനിടയിൽ ആദ്യമായി യുഎസ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും താഴ്ന്ന റാങ്കിലേക്ക് വീണു. 2014-ൽ ഒന്നാമതെത്തിയ യുഎസ് ആദ്യ പത്തിൽ നിന്ന് പുറത്തായി ഇപ്പോൾ 12-ാം സ്ഥാനത്താണ്.

2025 ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ സിങ്കപ്പൂര്‍ പാസ്പോർട്ട് ഒന്നാം സ്ഥാനം നിലനിർത്തി. ഏഷ്യൻ രാജ്യങ്ങളായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും ജപ്പാൻ മൂന്നാം സ്ഥാനത്തും എത്തി. ജർമ്മനി, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങൾ നിലയുറപ്പിച്ചപ്പോൾ ഗ്രീസ്, ഹംഗറി, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വീഡൻ എന്നിവർ ആറിലെത്തി. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, മാൾട്ട, പോളണ്ട് എന്നിവർ ഏഴാം സ്ഥാനത്തും ക്രൊയേഷ്യ, എസ്റ്റോണിയ, സ്ലൊവാക്യ, സ്ലൊവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ എട്ടാം സ്ഥാനവും കരസ്ഥമാക്കി. ലാത്വിയ, ലിച്ചെൻസ്റ്റീൻ എന്നിവരാണ് പത്തിലെത്തിയത്.

ഐക്യരാഷ്ട്ര സഭയിലെ 193 അംഗരാജ്യങ്ങളും ആറ് ടെറിട്ടറികളും അടക്കം 199 പ്രദേശങ്ങള്‍ ഗ്ലോബൽ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുന്നുണ്ട്. മൊബിലിറ്റി സ്‌കോര്‍, വീസ ഓണ്‍ അറൈവല്‍ സ്‌കോറും, വീസ ഫ്രീ സ്‌കോറും, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം, ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് 2018 എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയാറാക്കുന്നത്.