ബെയ്ജിങ്: പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ചൈന. സ്വതന്ത്ര സഭയായ സിയോണ്‍ സഭയുടെ മുപ്പതിലധികം പാസ്റ്റര്‍മാരെയാണ് അടുത്തിടെയായി അറസ്റ്റ് ചെയ്തത്. ഇതില്‍ സിയോണ്‍ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിന്‍ മിംഗ്രിയും ഉള്‍പ്പെടും.
ചൈന നേരത്തെയും നടപടി എടത്തിരുന്നുവെങ്കിലും കുറെനാളുകള്‍ക്ക് ശേഷമാണ് പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതെന്ന് ബിബിസി പറയുന്നു. ബീജിങ്, ഷാങ്ഹായ് ഉള്‍പ്പെടെ 10 നഗരങ്ങളിലായി സിയോണ്‍ സഭയെ ലക്ഷ്യമിട്ട് ചൈനീസ് അധികൃതര്‍ പരിശോധനയും അറസ്റ്റും നടത്തിയത്. പാസ്റ്റര്‍മാര്‍, സഭാ നേതാക്കള്‍, അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സഭകളെ ( അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് ) ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമാണ് സിയോണ്‍ സഭാ നേതാക്കളെ അറസ്റ്റ് ചെയത് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ സ്വതന്ത്ര സഭകളില്‍ ഏറ്റവും വലുതാണ് സിയോണ്‍ സഭ എന്നാണ് വിവരം. ചൈനയില്‍ പാസാക്കിയ പുതിയ നിയമങ്ങള്‍ സഭാ പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സഭാംഗങ്ങളുടെ മേല്‍ അധികാരികള്‍ക്ക് നോട്ടമുണ്ടെന്നും ബിബിസി ചൂണ്ടിക്കാണിക്കുന്നു.
നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കിലും സര്‍ക്കാര്‍ കണക്കുകളില്‍ 3.8 കോടി പ്രൊട്ടസ്റ്റന്റുകളും 60 ലക്ഷത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുമുണ്ട്. ഇത് ചൈന അംഗീകരിച്ച ക്രിസ്ത്യന്‍ സഭകളില്‍ അംഗങ്ങളായവരുടെ മാത്രം കണക്കാണ്.