ഓട്ടവ: കാനഡയില്‍ ഇന്ന് രാത്രി ധ്രുവദീപ്തി(അറോറ) അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് ദൃശ്യമായേക്കും. സൂര്യനില്‍ നിന്ന് പുറപ്പെട്ട മൂന്ന് കോറോണല്‍ മാസ് ഇജക്ഷനുകള്‍ (CME) ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഇന്ന് മിതമായ ഒരു ജിയോമാഗ്‌നെറ്റിക് കൊടുങ്കാറ്റിനാണ് സാധ്യത. അതിനാല്‍ പടിഞ്ഞാറന്‍ കാനഡയിലുള്ളവര്‍ക്ക് വര്‍ണ്ണവിസ്മയം കാണാനുള്ള സാധ്യത കുറവാണ്.
മേയ്, ഒക്ടോബര്‍ 2024-ല്‍ കണ്ടതുപോലുള്ള ഒരു വര്‍ണ്ണവിസ്മയം ആയിരിക്കില്ല ഇത്തവണത്തേത് എന്നാണ് പ്രവചനം. എങ്കിലും, നഗരവെളിച്ചത്തില്‍ നിന്ന് അകന്ന്, ഇരുണ്ട സ്ഥലങ്ങളില്‍ എത്തിയാല്‍ അറോറ കാണാനുള്ള സാധ്യത കൂടുതലാണ്.

പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. നോര്‍വെ, സ്വീഡന്‍, ഐസ്ലന്‍ഡ്, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാന്‍ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക.
എന്നാല്‍ വര്‍ഷത്തില്‍ മുന്നൂറ് ദിവസവും നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാന്‍ സാധിക്കുന്നൊരു സ്ഥലമുണ്ട്. കാനഡയിലെ ചര്‍ച്ചില്‍ എന്ന കൊച്ചു ടൗണില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി സഞ്ചാരികള്‍ ഇവിടെ ധ്രുവദീപ്തി കാണാനെത്താറുണ്ട്. ഇങ്ങനെയെത്തുന്ന സഞ്ചാരികള്‍ക്കായുള്ള പാക്കേജുകളും ക്യാമ്പിങ്ങുകളും ഇവിടെ ലഭ്യമാണ്.