Thursday, October 16, 2025

16,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ

വേവെയ് : ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ ലോകമെമ്പാടും 16,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി കമ്പനി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു പിന്നാലെ കമ്പനിയുടെ ഓഹരിവില കുതിച്ചുയര്‍ന്നു.

ലോകം മാറുകയാണെന്നും അതിനാല്‍ നെസ്‌ലെ വേഗത്തില്‍ മാറേണ്ടതുണ്ടെന്നും സെപ്റ്റംബര്‍ ആദ്യം കമ്പനിയുടെ തലപ്പത്ത് എത്തിയ ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനം കഠിനമാണ്. എന്നാല്‍, ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാതെ വയ്യ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്.

തീരുമാനം പുറത്തുവന്നതിനു പിന്നാലെ കമ്പനി ഓഹരികള്‍ രാവിലെയുള്ള വ്യാപാരത്തില്‍ എട്ട് ശതമാനത്തിലധികം ഉയര്‍ന്നു. ഇതോടെ സൂറിച്ച് ഓഹരി വിപണി യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരി വിപണിയായി മാറുകയും ചെയ്തു.

കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍, മാഗി, പുരിന ഡോഗ് ഫുഡ് എന്നിവയുള്‍പ്പെടെ 2,000-ൽ അധികം ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ നെസ്‌ലെയ്ക്ക് സെപ്റ്റംബറില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. സഹപ്രവര്‍ത്തകയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ നെസ്ലെ സിഇഒ ആയിരുന്ന ലോറന്റ് ഫ്രെയ്ക്‌സിനെ കമ്പനിക്ക് പുറത്താക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഫിലിപ്പ് നവ്രാറ്റിലിനെ ചുമതലയേല്‍പ്പിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!