ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടിയതായി റിപ്പോർട്ട്. ഈ മാസം 23ന് അവസാനിക്കാനിരുന്ന വിലക്ക് ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചിരിക്കുന്നതായാണ് വിവരം. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കും നീട്ടാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചിടാൻ തീരുമാനിച്ചത്. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു തീരുമാനം. പാക്കിസ്ഥാന്റെ വ്യോമമേഖല അടച്ചതോടെ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ ഇത് കൂടുതൽ ബാധിച്ചു. ദിനംപ്രതി നൂറ്റിയമ്പതോളം ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ വിവിധ രാജ്യങ്ങളിലേക്ക് പോകാറുണ്ടായിരുന്നു. വിലക്കിനെ തുടർന്ന് ഇവ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മറ്റു രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.