മൺട്രിയോൾ : രണ്ട് മാസം മുമ്പ് എയർ കാനഡ വിമാന ജീവനക്കാർ നടത്തിയ മൂന്ന് ദിവസത്തെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ, ആയിരക്കണക്കിന് യാത്രക്കാർ ഇപ്പോഴും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോർട്ട്. ഹോട്ടൽ, ഭക്ഷണം, പുതിയ ടിക്കറ്റുകൾ എന്നിവയ്ക്കായി പതിനായിരക്കണക്കിന് ഡോളർ മുടക്കിയ യാത്രക്കാർക്കാണ് പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നത്. ഏകദേശം അഞ്ച് ലക്ഷം ഉപഭോക്താക്കളെ ബാധിച്ച ഈ സംഭവത്തിൽ, ക്ലെയിം ചെയ്ത മുഴുവൻ തുകയും തിരികെ നൽകാതെ കമ്പനി തങ്ങളെ വലയ്ക്കുകയാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും, എയർ കാനഡ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നുമാണ് യാത്രക്കാരുടെ ആരോപണം.

അതേസമയം, നിലവിൽ പ്രതിദിനം 1,400 അപേക്ഷകൾ തീർപ്പാക്കുന്നുണ്ടെന്നും, ഒക്ടോബർ അവസാനത്തോടെ മിക്ക ക്ലെയിമുകളും പൂർത്തിയാക്കുമെന്നും എയർ കാനഡ വക്താവ് അറിയിച്ചു. എന്നാൽ, ഈ കാലതാമസം പൊതുജനവിശ്വാസം ഇല്ലാതാക്കിയെന്ന് എയർ പാസഞ്ചർ റൈറ്റ്സ് സംഘടന ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ യാത്രാവകാശ നിയമങ്ങൾ ദുർബലമായതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും, ഒരു മാസത്തിലധികം കാത്തിരിക്കേണ്ടിവന്ന യാത്രക്കാർ സ്മോൾ ക്ലെയിംസ് കോടതിയെ സമീപിക്കണമെന്നും സംഘടന നിർദ്ദേശിച്ചു. ഈ വിഷയത്തിൽ എയർ കാനഡക്കെതിരെ കെബെക്കിൽ രണ്ട് ക്ലാസ്-ആക്ഷൻ കേസുകൾക്ക് രൂപം നൽകിയിട്ടുണ്ട്. നീതിയുക്തമായ പിഴ ചുമത്തി വ്യവസായത്തിന് വ്യക്തമായ സന്ദേശം നൽകണമെന്നും യാത്രാവകാശ വക്താക്കൾ ആവശ്യപ്പെടുന്നു.