ഓട്ടവ : ഭൂമിയെ ചൂടുപിടിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ (CO2) അളവ് 2024-ൽ റെക്കോർഡ് തലത്തിലേക്ക് ഉയർന്നതായി പുതിയ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രവർത്തനങ്ങളിൽനിന്ന് പിന്നോട്ട് പോകാനുള്ള സമ്മർദ്ദങ്ങളെ കാനഡ ചെറുത്തുതോൽപ്പിക്കണമെന്ന് പ്രമുഖ കനേഡിയൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ആവശ്യപ്പെട്ടു. കാലാവസ്ഥ സ്ഥിരപ്പെടുത്താൻ കാനഡയും മറ്റ് രാജ്യങ്ങളും ഉടനടി CO2 പുറന്തള്ളൽ കുറയ്ക്കണമെന്നും കോൺകോർഡിയ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡാമൺ മാത്യൂസ് കൂട്ടിച്ചേർത്തു.
വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ (WMO) വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ ഉപയോഗവും, കാടുകൾ, സമുദ്രങ്ങൾ തുടങ്ങിയ പ്രകൃതിദത്ത ‘കാർബൺ സിങ്കുകൾ’ CO2 വലിച്ചെടുക്കുന്നത് കുറഞ്ഞതുമാണ് ഈ വർധനയ്ക്ക് കാരണം. 1960-കൾക്ക് ശേഷം CO2 വളർച്ചാ നിരക്ക് മൂന്നിരട്ടിയായി വർധിച്ചു.

കാലാവസ്ഥാ നടപടികൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന സമ്മർദ്ദങ്ങളെ കാനഡ ചെറുക്കണം. 2024-ലെ കാട്ടുതീ മൂലമുള്ള പുറന്തള്ളലും, റെക്കോർഡ് ചൂടേറിയ വർഷത്തെ എൽ നിനോ പ്രതിഭാസവും വളർച്ചാ നിരക്ക് ഉയരാൻ കാരണമായി WMO ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ പുറന്തള്ളൽ പകുതിയായി കുറച്ച് പൂജ്യത്തിലേക്ക് എത്തിച്ചാൽ മാത്രമേ സ്ഥിരത കൈവരിക്കാൻ കഴിയൂ എന്ന് മാത്യൂസ് അഭിപ്രായപ്പെട്ടു. COP30 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.