ടൊറന്റോ: യുവതികൾക്ക് യാത്രാസഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി ലൈംഗികമായി പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്കാർബറോ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്. 39 കാരനായ രവി ടിർബാനയെ ദുർഹം റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. കേസിന് ആസ്പദമായ ആദ്യ സംഭവം 2024 ഓഗസ്റ്റ് 17നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിൽ യുവതി പ്രതിയുടെ വാഹനത്തിൽ കയറിയതിനു പിന്നാലെ അവരെ വിറ്റ്ബിയിലെ ഒരു വ്യവസായിക മേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ആരോപണം.

പിന്നീട് 2025 ജനുവരി 12നാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മറ്റൊരു യുവതിയെയും ഇതേ രീതിയിൽ പ്രതിയുടെ കാറിൽ കയറ്റുകയും അവരെ മൂർ കോർട്ടിനും വില്ല്യം സ്മിത്ത് ഡ്രൈവിനും സമീപമുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. തിരച്ചിലിനൊടുവിൽ പ്രതിയെ ഈ മാസം 14ന് പൊലീസ് പിടികൂടുകയായിരുന്നു. രവി ടിർബാനയ്ക്കെതിരെ രണ്ട് ലൈംഗിക പീഡന കുറ്റങ്ങൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.